Thursday, September 13, 2012

ആകാശവാണിയും ഞാനും

27/7/2004
mannur

ഞാന്‍ ഇവിടെ പാലക്കാടിന്‍റെ ഹൃദയത്തിനുള്ളില്‍  ഒരു ഗ്രാമത്തിന്‍റെ വിശാലതയില്‍ അഞ്ചു സെന്റിന്റെ കൊച്ചു വീട്ടില്‍ കേരളത്തിന്‌ വന്ദ്യമോ നിന്ദ്യമോ ആയ ഒരു മഴയുടെ അകമ്പടിയോടെ ആകാശവാണി വിവിധ്ഭാരതി കോഴിക്കോട്‌ നിലയത്തിന്‍റെ ഏതോ പ്രണയ ഗാനവും കേട്ടിതാ ഇരിക്കുകയാണ്
          രാമായണമാസത്തിന്‍റെ വിശുദ്ധിയും പഞ്ഞമാസത്തിന്റെ ആലസ്യവും തങ്ങി നില്‍ക്കയാണ് ഇവിടം പാരമ്പര്യം ആയി ചെരുപ്പ് കുത്തികള്‍ ആയ കുടുംബം പകച്ചു നില്‍ക്കുന്നു .പുതിയ ആഗോള പരിത സ്ഥിതിയില്‍  ''ലെതെര്‍ എന്‍ജിനീറിംഗ്'' ആണെങ്കിലും  കുടുംബത്തിലെ താങ്ങായ ,പിതാവിന്‍റെ ഗുരുതരമല്ലെങ്കിലും സാരമായ അസുഖം ഞങ്ങളെ മാനസികം ആയി തളര്‍ത്തി നില്‍ക്കുന്നു .എങ്കിലും പൊന്നോണം പുത്തന്‍ പ്രതീക്ഷകളുമായി മാടി വിളിക്കുന്നു .
            റേഡിയോ ,ടി വി  മെകാനിക്സ് പുസ്തകം ആണ് മുന്നില്‍ ഇരിക്കുന്നതെങ്കിലും ഞാന്‍ ഇപ്പോള്‍ ഒരു ''സാങ്കേതിക വിദഗ്ദ്ധന്‍ ''ആവുന്നില്ല .ഇപ്പോള്‍ ഞാന്‍ കേള്‍ക്കുന്നത് ''വിഷ്ണു'' ഭഗവാനെ സ്തുതിച്ചു കൊണ്ടുള്ള ഒരു ഗാനം ആണ് ,മുമ്പ് ..അതായത് മാസങ്ങള്‍ക്ക് മുന്പ് ഒരു നിരീശ്വരവാദിയാണ് എന്ന് അഹങ്കരിച്ചിരുന്ന ഞാന്‍  ഇന്ന് ദൈവത്തിന്‍റെ സ്വന്തം ആളാ..,സമൂഹത്തിലെ അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യാന്‍ പട പൊരുതിയ ഞാന്‍ അങ്ങിനെ ആയില്ലെങ്കിലെ അത്ഭുതം ഉള്ളൂ .
           ITI യില്‍ ഇലക്ട്രിക്കല്‍ പണി പഠിക്കുന്ന നിനക്കൊന്നും വേറെ ഒരു പണിയുമില്ലേ എന്ന് ചോദിക്കരുത് റേഡിയോയും  പാട്ടും എന്‍റെ ഒരു ദൌര്‍ഭ ല്യം ആയി പോയി
           പിന്നെ റേഡിയോ ശ്രോതാക്കളുടെ രക്തത്തില്‍ അലിഞ്ഞതാണ് ''പഴയ സിനിമാ ഗാനങ്ങലോടുള്ള പ്രണയം ,ഇഷ്ടപ്പെട്ട പാട്ടുകള്‍ എന്‍റെ ഡയറിയില്‍ കുറിച്ചിട്ടുണ്ട് അതിനു മറ്റൊരു ദുരുദ്ദേശവും കൂടെ ഉണ്ട് ആ പാട്ടുകള്‍ എല്ലാം സി ഡി യില്‍ ആക്കണം അതെന്തിനാണെന്നോ ,അഥവാ നാട് വിടുകയാണെങ്കില്‍ മലയാള മണ്ണിന്‍റെ മണവും ഭാവവും നിറവും അനുഭവിക്കാന്‍ തന്നെ കുറച്ചു ഗൃഹാതുരത്വം ഒക്കെ വേണ്ടേ .
           ഇപ്പോള്‍ ശ്രി രവീന്ദ്രന്‍ മാഷിന്‍റെ മാന്ത്രിക സംഗീതം ഗാനഗന്ധര്‍വ്വന്റെ  മധുര സ്വരത്തില്‍ എന്‍റെ കര്‍ണപടത്തില്‍  അലകള്‍ ശ്രിഷ്ടിക്കുകയാണ് അതിലെ ചില വരികള്‍ എന്‍റെ ഹൃദയത്തില്‍ ''ബുള്ളറ്റുകള്‍ ''കണക്ക് തുളച്ചു കയറുന്നു അപ്പോള്‍ നിങ്ങള്‍ ചോദിക്കും പുള്ളി തോക്കെടുത്ത് വെടി വക്കുക ആണോ എന്ന് ,ക്ഷമിക്കുക ഇച്ചിരി വട്ടാണ്
            ഇടക്കെപ്പോഴോ ഒരു ശബ്ദം ഞാന്‍ കേള്‍ക്കുന്നു ,സന്ഗീതാത്മകം അല്ലാത്ത ശബ്ദം ,ഇരുമ്പും  ഇരുമ്പും കൂട്ടി ഇടിക്കുന്ന ശബ്ദം കേട്ട് പഴകിയത് മൂലം അതിനും ഒരു താളം അതിനും ഒരു രാഗം .അതെ അത് വീടിന്‍റെ അടുത്തുള്ള ''കത്രിക '' കമ്പനിയില്‍ നിന്ന് തന്നെ .ഹാ പിന്നേ വ്യാവസായികം ആയി വളരെ പുരോഗമിച്ച സ്ഥലം ആണ് കേട്ടോ എന്‍റെ വീടിന്‍റെ പരിസരം . ''ആഗോള നിക്ഷേപ സംഗമം'' വഴി വന്ന വ്യവയായങ്ങള്‍ ഒന്നും അല്ല ട്ടോ .വയറ്റുപ്പിഴപ്പിനു ഉള്ള കുടില്‍ തൊഴില്‍ ശാലകള്‍ ആണ്
           ഞാന്‍ ഇങ്ങനെ ആലോചിക്കുകയാണ് ഈ ദിവസത്തെ ഒരു അവസ്ഥ .''ബസ്‌ സമരവും ,വിദ്യാര്‍ഥി സമരവും കാശുകാര്‍ക്ക് രണ്ടു ആഘോഷദിവസങ്ങള്‍ നല്‍കിയിരിക്കുന്നു .''ബാറിലെ '' വെള്ളം ഇന്ന് റെക്കോര്‍ഡ്‌ കച്ചവടം ആയിരിക്കും എന്ന് ഒരു സുഹൃത്ത്‌ പറഞ്ഞത് ഓര്‍മവരുന്നു .''ബന്ദ്‌ '' നിരോധിച്ചു അപ്പോള്‍ അത് ''ഹര്‍ത്താല്‍ '' എന്ന് പേര് മാറ്റി തിരിച്ചു വന്നു ,ഇനി അതും നിരോധിച്ചാല്‍ വേറെ ഒരു പേര് ആയിരിക്കും ഉധാഹരണത്തിന് ചിലപ്പോള്‍   ''പൂമ്പാറ്റ '' എന്നൊക്കെ വരാം
           ഓ നിങ്ങളെ മറന്നു സോറി ..ഞാന്‍  രണ്ടു മിനിറ്റ്‌ എന്‍റെ വീടിലെ ''അജ കേസരിയോടു ''അങ്കതിനു പോയി ആളൊരു കില്ലാടി ആണ് ട്ടോ ,പക്ഷെ എന്ത് ചെയ്യാം പ്രസവിക്കാത്തതിനാള്‍ എന്‍റെ അമ്മക്ക് അതിനെ വില്‍ക്കാന്‍ ഉള്ള പ്ലാന്‍ ഉണ്ടെന്ന് വീട്ടിലെ ''വിവരസാങ്കേതികവിദ്യ '' ആയ അനിയത്തി പറഞ്ഞു .ഞാന്‍ നേരിട്ട് അറിഞ്ഞിട്ടില്ല  .
         ഇപ്പോള്‍ ലളിത ഗാനങ്ങള്‍ ആണ് കേള്‍ക്കുന്നത് റേഡിയോയില്‍ ആരുടേതെന്ന് അറിയില്ല എങ്കിലും രസം തോന്നുന്നുണ്ട് പിന്നെ ഒരു കാര്യം എന്‍റെ മൂത്ത അനിയത്തിയെ അറിയില്ലേ ''പഠിപ്പിസ്റ്റിനെ'' ,പണിയെടുക്കാന്‍ അമ്മ പറഞ്ഞാല്‍ മാത്രം പഠിക്കാന്‍ പോകുന്ന എന്‍റെ ''സഹ വയറിയെ'' അവള്‍ ഇടയ്ക്കിടയ്ക്ക് എന്‍റെ    അടുത്തേക്ക് വരുന്നുണ്ട് രഹസ്യമായി എഴുതുന്നത്‌ കൊണ്ട് അവള്‍ കാണ്‍കെ പുസ്തകത്തിലെ ''കണക്ക് '' എഴുതണമല്ലോ  അതിനാല്‍ സമയ നഷ്ടം ക്ഷമിക്കണേ
        ഇന്നലെ കണ്ട സിനിമ ഷൂട്ടിംഗ് കാണാന്‍ ഇന്നും പോണം എന്ന് അടുത്ത വീട്ടിലെ ചേട്ടന്‍ കണ്ടപ്പോള്‍ പറഞ്ഞു  ഇപ്പോള്‍ ''മണ്ണൂര്‍ '' ഒരു ''മിനി ഹോളി വുഡ് ''ആണ് കേട്ടോ വള്ളുവനാടന്‍ തരംഗം അല്ലെ ഇപ്പോള്‍ മലയാള സിനിമയില്‍ അതൊകൊണ്ട് വള്ളുവനാടിന്റെ ഹൃദയ ഭാഗം തന്നെ അവര്‍ ചിത്രീകരണത്തിന് തിരഞ്ഞെടുത്തിരിക്കുന്നു  . മലയാളത്തിന്‍റെ ''വാല്‍സല്യം'' നിറയുന്ന ശാലീന സൌന്ദര്യം ''ഗീതയെ '' കാണാന്‍ കഴിഞ്ഞു  പിന്നെയുള്ളത് ''വിജയകുമാര്‍ '' ആണ് (നായകന്‍മാരുടെ സ്ഥിരം BODY GUARD) ഇതിലെ നായകന്‍ ,നായികാ ഒരു പുതുമുഖം പേര് മറന്നുപോയി ,കൈരളി ചാനലിലെ ''അവതാരക'' ആണെന്ന് തോന്നുന്നു .സംഗീതം യുവജനങ്ങളുടെ  ''ലജ്ജാവതി '' ശ്രി ജാസ്സി ഗിഫ്റ്റ്‌ ആണ്.  ഷൂട്ടിംഗ് യൂണിറ്റിലെ ഒരു സുഹൃത്ത്‌ പറഞ്ഞതാണ് ഇതൊക്കെ.  നമ്മള്‍ സിനിമയില്‍ ഒരു രംഗം കാണുന്നത് പോലെ സുഖ മുള്ളതല്ല ആ രംഗത്തിന്‍റെ ചിത്രീകരണം കാണുന്നത് ഒരു 10 പ്രാവശ്യം എങ്കിലും ആവര്‍ത്തിച്ചു എടുകേണ്ടി വരും സത്യം പറഞ്ഞാല്‍ കണ്ടാല്‍ ''പ്രാന്ത്'' വരും എന്ന് ചുരുക്കം
           ഇപ്പോള്‍ ഒരു തത്വചിന്താപരമായ ഒരു ഗാനം ആണ് കഴിഞ്ഞത് നമ്മുടെ ഒരേയൊരു ''വയലാര്‍ രാമവര്‍മയുടെ '' മഹത്തായ ഗാനം ''മനുഷ്യന്‍ മതങ്ങളെ ശ്രിഷ്ടിച്ചു ,മതങ്ങള്‍ ദൈവങ്ങളെ ശ്രിഷ്ടിച്ചു ,മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്കു വച്ചു,മനസ് പങ്കു വച്ചു '' എത്ര അര്‍ത്ഥവത്തും സത്യവും ആയ വരികള്‍ അല്ലെ  ഈ ഒരു സത്യം എല്ലാവരും മനസിലാക്കിയെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു .ഇനി ഒരു ''ഡിസംബര്‍ 6 ഉം , ഇനിയൊരു ''ഗോധ്രയും '',ഇനിയൊരു ''ഗുജറാത്തും '' നമുക്കിടയില്‍ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം
              അല്ലെങ്കിലും  ഈ IT യുഗത്തില്‍ ഇത്തരം ചിന്തകള്‍  വാണിജ്യപരമായി ഉത്പാദനക്ഷമം അല്ലെങ്കിലും നന്മ വളരാന്‍ തുണയാവുന്നത് എന്നും മുഖ്യധാരാ സമൂഹം കളിയാക്കുന്ന കുറച്ചു പേര്‍ മാത്രമേ കാരണം ആവുന്നത് കണ്ടിട്ടുള്ളൂ എന്നും സമൂഹത്തില്‍ ഈ ചെറു ന്യൂനപക്ഷം ആണ് വലിയ മാറ്റങ്ങള്‍ കൊണ്ട് വന്നത് എന്ന് ആര്‍ക്കും നിഷേധിക്കാന്‍ ആവില്ല  .ഹേ ആരോ  എന്നെ വിളിക്കുന്നുണ്ട് ''പിതാശ്രി'' ആണെന്ന് തോന്നുന്നു ഞാന്‍ ഇപ്പൊ വരാ ട്ടോ
       ക്ഷമിക്കണേ ഞാന്‍ ഇതാ എത്തി 4 മണിക്കൂര്‍ കഴിഞ്ഞു ട്ടോ ഇത്തിരി പണിയുണ്ടായിരുന്നു തൊടിയില്‍... ., മഴവരുന്നുണ്ട് അത് കൊണ്ട് നിര്‍ത്തിയതാ, അന്തരീക്ഷം ഇടി മുഴക്കത്താല്‍ മുഖരിതം ആയി .സാങ്കേതികം ആയി പറഞ്ഞാല്‍ ''മേഘങ്ങളിലെ  +VE ,-VE  ചാര്‍ജുകള്‍ പരസ്പരം ഡിസ്ചാര്ജ് ആവുന്നത്തിന്റെ ഫലം ആയി ഉണ്ടാവുന്ന വിദ്യുത് തരംഗങ്ങള്‍ വായുവിനെ കീറി മുറിച്ചു പോകുമ്പോള്‍ ഉണ്ടാവുന്ന ശബ്ദതരംഗങ്ങള്‍ ''' ചെവിയില്‍ അലയൊലികള്‍ ശ്രിഷ്ടിക്കുന്നുണ്ട് അതിന്‍റെ അനുരരണങ്ങള്‍ എന്നോണം റേഡിയോ പരിപാടിയില്‍ ചില മുരളലുകള്‍ ഉണ്ടാവുന്നു  മധുരതരമായ ഒരു ഗാനമായത് കൊണ്ട് നിര്‍ത്താന്‍ തോന്നിയില്ല
         പ്രക്ഷേപണം അവസാനിച്ചു തന്മൂലം റേഡിയോ നിര്‍ത്താനുള്ള '' ആജ്ഞ '' മാതാശ്രി പുറപ്പെടുവിച്ചു.ഞാന്‍ അത് നിര്‍ത്താന്‍ പോയപ്പോഴേക്കും ബഹുമാന്യ പിതാവ് അതിന്‍റെ ''ശബ്ദനിയന്ത്രകത്തില്‍ ''  കയ്യ് വച്ചു കഴിഞ്ഞിരുന്നു.ഇപ്പോള്‍ എന്‍റെ ശബ്ദ മണ്ഡലത്തില്‍ FM തരംഗങ്ങളുടെ പരിലാളനകള്‍ ഇല്ല .ചുറ്റുപാടും ഉള്ള തൊഴില്‍ശാലകളുടെ'' 35 ഡെസിബെല്ലില്‍ ''താഴെ ഉള്ള ശബ്ദങ്ങളും ,തെക്ക് പടിഞ്ഞാറന്‍ കാറ്റിന്‍റെ പുത്രി'' മണ്‍സൂണ്‍ സുന്ദരിയുടെ'' നേര്‍ത്ത മര്‍മരവും മാത്രം .വീണ്ടും പിതാശ്രി യുടെ വിളി വന്നു എന്തോ പണി ഉണ്ടെന്നു തോന്നുന്നു ഇപ്പോം വരാട്ടോ
              വീണ്ടും ക്ഷമ  ചോദിക്കുന്നു ചില സാങ്കേതിക കാരണങ്ങളാല്‍ ഞാന്‍ വീണ്ടും താമസിച്ചു കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ക്ക് ഇഷ്ടം പോലെ ചക്കയും ,തണലും തന്നു കൊണ്ടിരുന്ന ''മാവിനാല്‍ '' നിര്‍മിതമായ ''ബഞ്ചും ,ഡസ്കും ,സ്റ്റൂളും ''അതിന്‍റെ അവശതകള്‍ മാറ്റാന്‍ ആവശ്യപ്പെട്ടാല്‍ അത് നിറവേറ്റി കൊടുക്കെണ്ടതല്ലേ ,അല്ലെങ്കില്‍ നന്ദികേടാവുകയില്ലേ ,അവയുടെ ''ശാപങ്ങള്‍ '' ഏല്‍ക്കാന്‍ ഉള്ള ''ശാരീരികമായ കരുത്ത്‌ ''എനിക്കില്ല ,അതുകൊണ്ട് അവര്‍ക്കുവേണ്ട ''മരുന്ന് ''ആയ ''ആണികള്‍ '' നല്‍കേണ്ടി വന്നു എനിക്ക്
               വീണ്ടും ഞാന്‍ റേഡിയോ ഓണ്‍ ആക്കി ,കോഴിക്കോട്‌ നിലയത്തില്‍ അപ്പോള്‍ മലയാളം പരിപാടികള്‍ ഒന്നും തന്നെ ഇല്ല.അതുകൊണ്ട് കോയമ്പത്തൂരിന്റെ ദാഹാര്‍ത്തമായ സമതലങ്ങളില്‍ നിന്നും പാലക്കാടന്‍ ചുരം കടന്നു കേരളത്തിന്‍റെ ഹൃദയത്തിലേക്ക് അലയടിച്ചു വരുന്ന മധുരരൂപയാകും തമിഴ്‌ പെണ്ണിന് ,''കോവൈ സൂര്യന്‍ FM ന്'' എന്‍റെ റേഡിയോയുടെ ഹൃദയം തുറന്നു കൊടുത്തു .മധുരതരമായ ഗാനം തന്നെ അവള്‍ എനിക്ക് സമ്മാനിച്ചു മലയാളത്തിന്‍റെ വാനമ്പാടി ''ചിത്രയുടെയും ''പൌരുഷം സ്വരമായ്‌ പകരുന്ന'' ശ്രി SPB   '' സ്വരങ്ങളില്‍ തന്നെ
            മലബാറിന്‍റെ ''തലസ്ഥാന ''നഗരിയുടെ പ്രൌഡി ഇല്ലെങ്കിലും വല്ലാത്തൊരു സൌന്തര്യം ''തെന്നിന്ത്യയുടെ ''MANCHESTER'' ല്‍  (കോയമ്പത്തൂര്‍ ) നിറഞ്ഞു നില്‍ക്കുന്നുണ്ട് നാടുവിട്ടാല്‍ മാത്രം മലയാണ്മയെ സ്നേഹിക്കുന്ന മലയാളികളുടെ മനസും ശരീരവും ചേര്‍ന്നുള്ള അദ്ധ്വാനത്തിന്റെ വിജയകഥകള്‍ ഒരു പാട് ഉണ്ട് ആ നഗരത്തില്‍ .നാട് വിട്ടാല്‍ നാം കാണിക്കുന്ന ആത്മാര്‍ഥതയുടെ നാലില്‍ ഒന്ന് നാട്ടില്‍ നാം കാണിച്ചാല്‍ നമ്മുടെ നാട് എന്നെ രക്ഷപ്പെട്ടേനെ        
            ഇപ്പോള്‍ ഒരു ഫോണ്‍ ഇന്‍ പരിപാടി ആണ് നടന്നു കൊണ്ടിരിക്കുന്നത് ,ഒരു നാടന്‍ തമിഴത്തി പെണ്ണ് അവതാരകയോട് കൊഞ്ചിക്കൊണ്ടിരിക്കുന്നു വിരസമെങ്കിലും നിഷ്കളങ്കത മുറ്റി നില്‍ക്കുന്നത് കൊണ്ട് ശ്രവിച്ചിരുന്നു എന്ത് മനോഹരമാണ് ''തമിഴ്‌ മൊഴി '' ഒരു കവിത പോലെ,  തടസമില്ലാതെ ഒഴുകുന്ന പുഴ പോലെ ഒഴുകിക്കൊണ്ടിരിക്കുന്നു   അത് .മല്ലിക പൂവിനെ വര്‍ണിക്കുന്ന ഒരു ഗാനമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്  മനോഹരഗാനം  പാടുന്നത് നമ്മുടെ ''സുജാത ''ചേച്ചിയും  മറ്റൊരു മലയാളി ഗായകന്‍ ''ഉണ്ണികൃഷ്ണനും ''.തമിഴ്‌ മക്കളുടെ വിശാല മനസ്കത ഒന്ന് വേറെ തന്നെയാണ് ,ആരെയും അവര്‍ സ്വീകരിക്കും .തന്‍റെതു  പോലെ സ്നേഹിക്കും
                ഇതിനിടക്ക്‌ ''പഠിപിസ്റ്റ്‌ ''ഒരു പരാതിയുമായി വന്നു  മലയാളം വെക്കണം എന്ന് പറഞ്ഞു കൊണ്ട് ,ഞാന്‍ എന്ത് ചെയ്യും ,മലയാളം ഇനി 5.30 നെ ഉള്ളൂ .അറബിക്കടലിന്‍റെ റാണിയുടെ  FM നിലയത്തെ  അടിയന്റെ വീട്ടില്‍ കൊണ്ട് വരാന്‍ ഇനിയും കഴിഞ്ഞിട്ടില്ല ''കൊച്ചി FM '' ലൂടെ കായല്‍ ഗന്ധവും ,നെടുംബാശേരിയുടെ ഇരമ്പവും ,തുറമുഖത്തിന്‍റെ സൈരണും അനുഭവിക്കാന്‍ ഉള്ള യോഗം അടിയന് ഇല്ലാതെ പോയി .മോഹഭംഗം വന്ന സഹോദരി എന്നെയും വീടിന്‍റെ മണ്ടയില്‍ ഉള്ള ചെറിയ കമ്പി ആന്‍റിനയെയും മനസാ ശപിച്ചു കൊണ്ട് നടന്നു നീങ്ങി .എന്ത് ചെയ്യാം ഈയുള്ളവന്റെ ജില്ലയില്‍ എവിടെയും ഒരു റേഡിയോ നിലയം ഇല്ലല്ലോ കഷ്ടം തന്നെ .കേരളത്തിന്‍റെ സാംസ്കാരിക നഗരി തൃശൂരിന്റെ സ്വന്തം മധുരശബ്ദം AM തരംഗങ്ങളിലൂടെ ഈയുള്ളവന്‍റെ വീടിനു ചുറ്റും വട്ടമിട്ടു നടക്കുന്നെങ്കിലും പാട്ടുപെട്ടിയില്‍ കയറാന്‍ ഇതുവരെ സന്മനസ് കാണിച്ചിട്ടില്ല .അതിനാല്‍ നമുക്ക് മലയാളത്തിന് കോഴിക്കോട്‌ തന്നെ ശരണം
          തമിഴ്മൊഴി'' ദാസേട്ടന്റെ '' ശബ്ദത്തിലൂടെ  ,വലിയ ഈണങ്ങളുടെ ചെറിയ ''രാജയുടെ '', നമ്മുടെ ഇളയരാജയുടെ  മാസ്മരിക ഈണത്തില്‍ അന്തരീക്ഷത്തില്‍ നിറയുന്നു ഞാന്‍ അതില്‍ ലയിച്ചു പോകുന്നു നാടന്‍ ശീലും ഈണവും ഇത്ര മധുരമായി പാട്ടില്‍ നിരക്കാന്‍ ''രാജാ '' അല്ലാതെ മറ്റാര് .
             അപ്പുറത്ത് ആളുകളുടെ കലപില  ശബ്ദങ്ങള്‍ കേള്‍ക്കുന്നു ഭക്ഷണത്തിന്‍റെ തിരക്കിലാണവര്‍.. ഈയുള്ളവന്‍റെ വയറും വിശപ്പിനു കീഴടങ്ങുന്നു  FM നിലയത്തിന്‍റെ പരസ്യം ആണ് ഗാനരൂപേണ കേള്‍ക്കുന്നത് ,മേഘങ്ങള്‍ കണ്ണീര്‍ പൊഴിക്കുന്നില്ല ഇപ്പോള്‍ നേര്‍ത്ത ഒരു ആലസ്യത്തിലേക്ക് ചുറ്റുപാടും മാറിക്കഴിഞ്ഞിരിക്കുന്നു .തൊട്ടടുത്ത വീടിലെ ജപ്പാന്‍ നിര്‍മ്മിത ഇരുചക്രവാഹനം ഒരു വലിയ മുരള്ച്ചയോടെ വന്നു നിന്നു.പുറത്തേക്കിറങ്ങിയപ്പോള്‍ ''പ്രകൃതിയുടെ അലാറം '',നമ്മുടെ പൂവന്‍കോഴി മുന്നിലൂടെ പാഞ്ഞു ഒരു ശുനകന്റെ ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ടുള്ള പാച്ചില്‍ ആണ് അത് .കെ എസ് ചിത്രയുടെ ഒരു മനോഹര ഗാനം ആണ് പശ്ചാത്തലത്തില്‍ ഇപ്പോള്‍
            ഭക്ഷണശാലയില്‍ ആഗമനം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം ''ഉപ്പേരിതന്‍ ആഘാതമെറ്റ്‌ സമയം വീണിതാ കിടക്കുന്നു ധരണിയില്‍ '' എന്നതാണ് അവസ്ഥ .വയറിന്നുള്ളില്‍ ഭൂകമ്പം നടക്കുന്നു .അപ്പോളാണ് ഒരു ശല്യം പോലെ സഹോദരികള്‍ കടന്നുവരുന്നത് ഒരു കാര്യവും ഇല്ലാതെ ചുറ്റിത്തിരിഞ്ഞുനിന്ന അവരെ ഒരു അനുഗ്രഹം പോലെ അച്ഛന്‍ വിളിച്ചു .അപ്പോള്‍ തന്നെ എനിക്ക് അമ്മയുടെ വിളി വന്നു ഭക്ഷണം ആണെന്ന് തോന്നുന്നു ,മലയാളികളുടെ ഗാനകോകിലം '' ജാനകിയമ്മയുടെ ''  ഒരു ഗാനത്തിന്‍റെ പശ്ചാത്തലത്തില്‍ ഞാനങ്ങോട്ട് നടന്നു
                ഹാ അങ്ങനെ ഊണ് കഴിഞ്ഞു ഇനി ഇത്തിരി വിശ്രമിക്കാം ഇപ്പോള്‍ ഒരു വിരസഗാനം ആണ് കേള്‍ക്കുന്നത് സഹിക്കാം അല്ലാതെ എന്ത് ചെയ്യാന്‍ .പരിപാടിക്ക് ഇടയില്‍ ശ്രിലങ്കയില്‍ നടക്കുന്ന ക്രികറ്റ്‌ കളിയുടെ സ്കോര്‍ വിവരവും പറയുന്നുണ്ട് ഇത് SURIAN FM ന്‍റെ മാത്രം പ്രത്യേകത ആണ് ഈ യുള്ളവന് പണ്ട് ബ്രിട്ടീഷ്‌ പ്രമാണിമാര്‍ ഇവിടെ ബാകിവച്ച് പോയ ആ കളിയോട് അത്രയ്ക്ക് പഥ്യം പോര എല്ലാതരത്തിലും ഉള്ള ഈ പാശ്ചാത്യ അനുകരണം ആണ് നമുക്കെന്നും പഥ്യം
                 ഉച്ചയുറക്കം പണ്ടേ ഇല്ല ഈയുള്ളവന് ,ഊണ് കഴിഞ്ഞു കമ്പനികള്‍ ഒക്കെയും സജീവം ആയിരിക്കുന്നു ,നേര്‍ത്ത ചാറ്റല്‍മഴ താളം തട്ടുന്നുണ്ട് ഇപ്പോള്‍, ദാസേട്ടന്റെ ഗാനമാണ് ഒഴുകിവരുന്നത്‌ വയസെത്രയായാലും ശബ്ദത്തില്‍ ഇപ്പോളും യൌവ്വനം കാത്തു സൂക്ഷിക്കുന്ന ദാസേട്ടന്‍ ഒരു വരദാനം ആണ് .മുഹമ്മദ്‌ റാഫിക്ക് ഒപ്പമോ ,മുകളിലോ നില്‍ക്കുന്ന ശബ്ദമാധുര്യം ഇന്ത്യന്‍ സംഗീതലോകം ദര്‍ശിച്ചത് ദാസേട്ടനില്‍ മാത്രം ആണ് എന്ന് നിശംശയം പറയാം .അത് പറഞ്ഞപ്പോള്‍ ആണ് ഒരു കാര്യം ഓര്മ വരുന്നത് .മലബാറിന്‍റെ,പ്രത്യേകിച്ച് കോഴിക്കോടിന്‍റെ ''റാഫി '' ''ഗസല്‍'' ഭ്രമം കണ്ടിട്ട് അത്ഭുതം കൂറിയിട്ടുണ്ട്  
                ഇപ്പോള്‍ സൂര്യന്‍ FM ല്‍ ഒരു ഡപ്പാം കുത്തു പാട്ട് തകര്‍ക്കുക ആണ് അറിയാതെ താളം ഇട്ടു പോയി നല്ലൊരു ഗാനം .അതിര്‍ത്തിയില്‍ കിടക്കുന്ന വള്ളുവനാടന്‍ പ്രദേശത്ത് ജീവിക്കുന്ന ഈ എളിയവന് അല്പസ്വല്പം തമിഴ്‌ ഭ്രമം വന്നത് സ്വാഭാവികം മാത്രം ആണ് .പക്ഷെ സൂര്യന്‍ FM വയ്ക്കുന്നതിനുള്ള പ്രധാന കാരണം എന്റെ ഈ പാട്ട് പെട്ടിയില്‍ ഇടിച്ചു കേറുന്ന ഏറ്റവും ശക്തിയേറിയ FMതരംഗം അതായത് കൊണ്ട് മാത്രം ആണ് കടുത്ത മലയാള വാദികള്‍ ക്ഷമിക്കുക ....
                വിദ്യാര്‍ഥി സമരം എന്‍റെ സാധാരണ ജീവിതത്തിന്റെ ചിട്ടകളും സമയക്രമങ്ങളും മാറ്റിമറിച്ച ദിവസമാണിന്ന് .സ്വാശ്രയ സ്ഥാപനത്തിന്റെ അതി സാമ്പത്തിക താല്പര്യങ്ങള്‍ മൂലം ''രക്തസാക്ഷി ''ആവേണ്ടി വന്ന ഒരു സഹോദരിക്ക് ഐക്യദാര്ദ്യം പ്രക്യാപിച്ചു കൊണ്ടാണ് ഈ സമരം .ഏകദേശം അത് പോലെയുള്ള അനുഭവം ആണ് ഞാനും നേരിടുന്നത് ഇന്ന്  .അക്രമ സമരത്തെ ഞാന്‍ ഒരിക്കലും ഞാന്‍ അനുകൂലിക്കുകയും ഇല്ല  വിദ്യാഭ്യാസ സംബ്രധായത്തില്‍ ''ജനക്ഷേമവും ,സാമൂഹ്യനീതിയും ''നടപ്പിലായാല്‍ മാത്രമേ ഇത് പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കുകയുള്ളൂ 
                          ഞാന്‍ മുന്‍പ് 8 തവണ കണ്ട ഒരു സിനിമയിലെ പാട്ടാണ് ഇപ്പോള്‍ കേള്‍ക്കുന്നത് ചിത്രം ''ഖുഷി'' ഇന്നത്‌ ആലോചിക്കുമ്പോള്‍ തന്നെ ചിരി വരുന്നു അന്നത്തെ ഒരു ഭ്രാന്ത് ഇന്ന് നടക്കുന്ന കാര്യം ഒരു പാട് കാലം കഴിഞ്ഞു ഓര്‍ക്കുമ്പോള്‍ ചിരി പൊട്ടും ശരിയല്ലേ
             ഇപ്പോള്‍ എന്റെ പ്രിയ പാട്ടുപെട്ടി മലയാളം മൊഴിഞ്ഞു തുടങ്ങി പലവിധ കിഞ്ഞരവര്‍ത്തമാനത്തിന് ശേഷം  ആഗ്രഹിക്കുന്ന ഗാനങ്ങള്‍ അടങ്ങിയ പരിപാടിക്കായി ഞാന്‍ കാത്തിരുന്നു ,ആഗ്രഹം പോലെ തന്നെ ഇതാ വരുന്നു ചലച്ചിത്രഗാനങ്ങള്‍ . യത്തീമിനെ കുറിച്ചുള്ള പാട്ട് ആണ് ഇപ്പോള്‍ കേള്‍ക്കുന്നത് സമാനതകള്‍ ഇല്ലാത്ത സങ്കടം പേറുന്നവര്‍ ആണ് യത്തീമുകള്‍ ആ സങ്കടം മുഴുവനും ആവാഹിച്ചു ദാസേട്ടന്റെ മികച്ച ഒരു ആലാപനം .ശരിക്കും കണ്ണീര്‍ നിറയുന്നു ഭാവം നിറയുന്ന സംഗീതം ,അര്‍ഥം കിനിയുന്ന വരികള്‍ മാസ്മരികമായ ആലാപനം ഒരു ഗാനം ഹൃദ്യം ആവാന്‍ ഇതൊക്കെ മതി ,അതെല്ലാം തന്നെ ഈ ഗാനത്തില്‍ ഉണ്ട്                 
            എന്‍റെ മനസിന്‌ ഉള്പുളകം ഉണര്‍ത്തി ഇതാ എന്‍റെ പ്രിയഗാനം ''ശ്യാമ മേഘമേ നീ യെന്‍ പ്രേമ ദൂതുമായ്‌ ദൂരെ പോയ്‌ വരൂ '' സലില്‍ ദാ അങ്ങയുടെ മാന്ത്രിക ഈണം ,ഗന്ധര്‍വ സ്വരം ,ONV യുടെ വരികള്‍  എങ്ങനെ ഞാന്‍ വിവരിക്കും ആ അനുഭവം എന്നെ അത് വേറൊരു ലോകത്തിലേക്ക്‌ കൊണ്ട് പോയി. ഇനി സലില്‍ ദാ യെക്കുറിച്ച് ...സലില്‍ ചൌദരി അദ്ദേഹത്തിന്റെ ഗാനമാണ് ഞാന്‍ കേള്‍ക്കുന്നത് ,''കവിതയ്ക്ക് മേലെ ,സിനിമക്ക് മേലെ എന്തിന് ഗായകര്‍ക്കുമേലെ ''തന്റെ മാന്ത്രികത പാറിപറത്തുന്ന  മാന്ത്രികന്‍  അദ്ധേഹത്തിനു വിശേഷണങ്ങള്‍ ആവശ്യം ഇല്ല .വംഗനാട്ടില്‍ നിന്ന് വന്നു ''രബീന്ദ്രസംഗീതത്തിന്‍റെയും ,ജുമര്‍ സംഗീതധാരയുടെയും ,ഹിന്ധുസ്ഥാനിയുടെയും സര്‍വോപരി ഗസലിന്റെയും കാന്തിക വലയങ്ങള്‍ നമുക്ക് സമ്മാനിച്ച സലില്‍ ദാ മലയാളത്തെ നെഞ്ചോടു ചേര്‍ത്തിയ മഹാപ്രതിഭ കുറച്ചു അധികം ആയോ ?..ഒരു ആരാധകന്‍റെ വികാരം ആയി ക്ഷമിക്കുമല്ലോ അല്ലെ
                സന്ധ്യയായി വിടപറയുകയാണ് കുറച്ചു സമയത്തേക്ക്................. ഇനിയും എന്‍റെ പാട്ടുപെട്ടിയെ സഹിക്കാന്‍ എന്‍റെ അച്ഛനും നിങ്ങള്‍ക്കും കഴിയില്ല എന്ന് എനിക്ക് മനസിലായി തല്‍കാലം ഞാന്‍ അവളെ ഉറക്കട്ടെ
എന്നും എന്നില്‍ അവള്‍ വൈദ്യുത കാന്തിക തരംഗങ്ങളുടെ ചിറകിലേറി നിറയണം കാരണം എനിക്കവളും ഞങ്ങള്‍ക്ക് നിങ്ങളും അത്രയ്ക്ക് പ്രിയപ്പെട്ടവര്‍ അല്ലെ  ..........നന്ദി  
 
              ക്ഷമിക്കുക ഇത്തിരി വട്ടുണ്ട്





         
         
          

Tuesday, February 7, 2012

പിഴച്ചത് ആര്‍ക്ക്? ദൈവത്തിനോ ? അതോ നമ്മള്‍ക്കോ?

എത്ര വലിയ വിശ്വാസിക്കും ദൈവം എത്ര തന്നെ അരൂപനെന്നു വിശ്വസിച്ചാലും ,ദൈവത്തെ ഓര്‍ത്തു പ്രാര്‍ഥിക്കുമ്പോളും ഒരു രൂപം മനസ്സില്‍ വരും .അത് ഓരോരുത്തരുടെ മനസിന്‍റെ പ്രത്യേകത പോലെ ഇരിക്കും.ഇതൊരു ശാസ്ത്ര സത്യമാണ് .അതല്ല എന്ന് കളവു എത്ര പറഞ്ഞാലും സത്യം അതായിരിക്കും .അത് ദൈവത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല .ഒരുദാഹരണം പറയാം :നമ്മള്‍ ''ആന'' എന്ന് ചിന്തിക്കുമ്പോള്‍ ആനയുടെ രൂപം ഒരു മാത്രയെങ്കിലും മനസ്സില്‍ വരുന്നു .അത് പോലെ ഒരു ബിന്ദു വായിട്ടെങ്കിലും സന്കല്പ്പിക്കാതെ ഒന്നിനെയും സ്മരിക്കാന്‍ സാധ്യം അല്ല .സംശയമുള്ളവര്‍ക്ക് അത് പരീക്ഷിച്ചു നോക്കാവുന്നതാണ് ഇതൊരു വെല്ലുവിളി കൂടെയാണ് .അങ്ങനെയിരിക്കെ ഏതെങ്കിലും വസ്തുവിനെ മുന്നില്‍ കണ്ടു പ്രാര്‍ത്ഥിച്ചാല്‍ അത് ദൈവത്തിന്‍റെ അടുക്കലേക്ക് തന്നെയാണ് എത്തുന്നത്‌ ആ വസ്തുവല്ല  അതില്‍ ഭക്തന്‍ അര്‍പ്പിക്കുന്ന സത്യസന്ധതയും ,നിഷ്കളങ്കതയും അര്‍പ്പണമനോഭാവവും ആണ് യഥാര്‍ത്ഥത്തില്‍ പ്രധാനമായത്  ,അപ്പോള്‍ ഒരു രൂപത്തെ സങ്കല്‍പ്പിക്കാതെ പ്രാര്‍ത്ഥന സാധ്യമല്ലാതെ വരുമ്പോള്‍ വിഗ്രഹാരാധന എങ്ങനെ വലിയ പാപമാകും?  .   സ്രഷ്ടാവായ ദൈവം സ്വന്തം സൃഷ്ടിയെ (വിഗ്രഹങ്ങളെ)ഇത്ര മാത്രം ഭയപ്പെടുന്നത് എന്തിന്?.ഭയമുള്ളത് കൊണ്ടല്ലേ വിഗ്രഹാരാധന കടും പാപം ആയി ''ദൈവം" പ്രഖ്യാപിച്ചത് ?                                                     പിന്നെ സര്‍വശക്തനായ ദൈവം നീ വലിയവനെന്നുള്ള മുഖസ്തുതി കേട്ട് സന്തോഷിക്കാന്‍ മാത്രം''അല്‍പ്പന്‍'' എന്ന് വിശ്വസിക്കാന്‍ തരമില്ല ,''ശരിയും തെറ്റും ''സൃഷ്‌ടിച്ച ദൈവം   തന്‍റെ തന്നെ സൃഷ്ടിയായ  'തെറ്റ്' ചെയ്യുന്ന മനുഷ്യനെ നരകതീയില്‍ ഇട്ടു കഷ്ടപ്പെടുത്താന്‍ മാത്രം ക്രൂരനെന്നു വിചാരിക്കുന്നില്ല  ,അങ്ങനെയെങ്കില്‍  അവന്‍ കരുണാമയന്‍ എന്നുള്ള പേരിനു അര്‍ഹനല്ല .സ്രഷ്ടാവായ ദൈവം സ്വന്തം സൃഷ്ടിയെ ഭയപ്പെടുമോ .സര്‍വശക്തനായ ദൈവത്തിനു സ്വന്തം ഇഷ്ടം നടത്താന്‍ തന്‍റെ വെറുമൊരു സൃഷ്ടിയായ മനുഷ്യന്‍റെ സഹായം ആവശ്യം ഉണ്ടോ ?അദ്ദേഹം വിചാരിച്ചാല്‍ ഒരു നിമിഷം മതിയാകുമല്ലോ .പിന്നെ എന്തിനാണ് ദൈവം സ്വന്തം അഭിലാഷം (മതം പറയുന്ന രീതിയില്‍ )പൂര്‍ത്തീകരിക്കാന്‍ മനുഷ്യരോട് ആവശ്യപ്പെടുന്നത് .എന്തിനാണ് മനുഷ്യര്‍ മതത്തിന്റെ പേര് പറഞ്ഞു പരസ്പരം വെട്ടി ചാവുന്നത് ,ഇതെല്ലാം അറിയുന്ന ദൈവം എന്തിനാണ് കയ്യും കെട്ടി നോക്കി ഇരിക്കുന്നത്? ..ചോദ്യങ്ങള്‍ ആണ് ഒരുപക്ഷെ  ഉത്തരം ലഭിക്കുമായിരിക്കും

Friday, November 4, 2011

ഇതൊരു പുഴയായിരുന്നു

ഇതൊരു പുഴയായിരുന്നു 
  
അവളുടെ പേര്‍ നിള എന്നായിരുന്നു
അവള്‍ സ്വച്ഛമായി ഒഴുകിയിരുന്നു ഇതിലൂടെ
വരധായിനിയയിരുന്നു അവള്‍
അമൃതാവാഹിനിയയിരുന്നു
അന്നമൂട്ടുന്ന മാതാവായിരുന്നു
അതിനാല്‍ അമ്മേ എന്നെവരും അവളെ വിളിച്ചു
           
          ഊര്‍ജധായിനിയായിരുന്നു അവള്‍
          കൈരളി വയ്മോഴിയായ്‌ കിളിക്കൊഞ്ചളില്‍
          തത്ത്തിക്കളിച്ചത് അവളുടെ മടിയില്‍
          അവളുടെ മക്കളുടെ പെരുമ ഈരേഴു ലോകവും
          പുകള്‍ പെററതായിരുന്നു

മാമാങ്കം  പെരുമയോടതിന്‍ മടിയില്‍  നടമാടിയിരുന്നു
അവളെ കുറിച്ചത്രെ മലയാളനാടിന്‍ കവികള്‍
സുന്ധരഗീതങ്ങള്‍ പാടിയത്
അവളായിരുന്നു ഒരുനാടിന്റെ അകെയും ജീവനാഡി


പക്ഷെ ഇന്നോ അവളൊരു മണലാരണ്യം, അവളുടെ മക്കളാല്‍ എത്രവട്ടം  അവള്‍ മാനഭങ്ങപ്പെട്ടിരിക്കുന്നു ആവസാനമൊരു നേര്‍ത്ത നാടീമിടിപ്പുമായ്
ഒരിറ്റു ധാഹജലതിനായ്‌ കേഴുന്നു

   

-- മാതാ പിതാ ഗുരു ദൈവം --

കനിവിന്റെ കന്മദം കവിളില്‍ അമൃതായ്‌ പകര്‍ന്നവള്‍ അമ്മ 
കുളിരായ് സ്നേഹം നെറ്റിയില്‍ ചുടുച്ചുംബനമായ് തന്നയാള്‍ അച്ഛന്‍ 
അറിവിന്റെ ആദ്യാക്ഷരങ്ങള്‍ വിരിയിച്ചവരാരോ അവര്‍ ഗുരുക്കന്മാര്‍ 
അതിനായീ ജീവിതമെനിക്കുനല്കിയവനരോ അതു ദൈവം 

       -- മാതാ പിതാ ഗുരു ദൈവം --

മഴ



 ഇറയത്തു തെരു തെരെ പൊഴിയുന്ന മഴ തന്റെ 
കൈകളില്‍ കുളിരിന്റെ ധ്വനി മുഴക്കി 
അതിരിടും തൊടിയിലെ ചെടികളില്‍ പിടയുന്ന 
തുള്ളികള്‍ മേളമായ് തുടിമുഴക്കി 

അകലെ മരത്തിന്റെ കൊമ്പത്തു കൂട്ടിലായ്
കുറുകുന്ന കിളികളോ കൊക്കുരുമ്മി 
ചലപിലം ചിന്നം പൊഴിയുന്ന മഴയുടെ
താളത്തിത്തിനൊപ്പം ഗാനമോതി  

ഇറയത്തിരുന്നു ഞാന്‍ മഴതന്‍ മധുരമാം 
ശ്രുതിചെര്‍ന്ന സംഗീതമാസ്വതിക്കാന്‍
പ്രണയമോ വിരഹമോ കോപമോ ശോകമോ 
തിരിയാതെ ഞാനാങ്ങലിഞ്ഞിരുന്നു